Norway:
ഫോട്ടോസ് ഇംഗ്ലീഷ് പോസ്റ്റിൽ ആണുള്ളത്.
മെയ് അവസാനവാരം നോർവേയിൽ ചെറുതായി ഒന്ന് കറങ്ങാൻ പറ്റി. തെക്കൻ നോർവേയിൽ ആണ് പോയത്. രണ്ടു ദിവസത്തെ പൊതു അവധിയും, വീക്കെൻഡും മൂന്നു ദിവസത്തെ ലീവും കൂടി എട്ടു ദിവസം. താമസ സ്ഥലത്തു നിന്നും (നെതർലൻഡ്സ് ) പോയി വരാൻ ഏകദേശം 3500 കിലോമീറ്റർ യാത്ര. കാറിലാണ് പോയത്.
ഇതൊരു യാത്രാവിവരണം അല്ല, അത്തരത്തിൽ എഴുതാനുള്ള കഴിവും ഇല്ല, യാത്രയെക്കുറിച്ചു കുറച്ചു കുറിപ്പുകൾ, പോകാൻ ഉദ്ദേശിക്കുന്നവർക്ക് വല്ല ഉപകാരവും കിട്ടിയാൽ അത്ര മാത്രം.
ഇവിടെ, നെതെർലാൻഡ്സിൽ എത്തിയ കാലം തൊട്ടു പോകാൻ ആഗ്രഹിച്ച ഒരു നാടാണ് നോർവേ. പ്രകൃതിയുടെ മാന്ത്രിക ലോകം.
നോർവേ തെക്കൻ തീരം തൊട്ടു അങ്ങ് വടക്കു വരെ പോകാനാണ് ആഗ്രഹം, സമയ പരിമിതി കാരണം, അത് പിന്നത്തേക്കു നോക്കാം.
സാധാരണ യൂറോപ്യൻ നാടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് നോർവേ.
യൂറോ അല്ല, നോർവെജിയൻ ക്രൊനെർ (NOK) ആണ് കറൻസി.
അസാധാരണമായ ഭംഗി, കൂറ്റൻ മലകളും അതിനിടയിൽ തടാകങ്ങളും – അതിന്റെ ഒരു scale പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല.
ഫിയോഡ്‌സ് (fjords) എന്നാണ് ഈ കായലുകൾക്കു പേര്.
ജനങ്ങളും ജീവിത രീതികളും അങ്ങേയറ്റം കഠിനമായ കാലാവസ്ഥയും കൂടി ചേർന്നതാണ് നോർവേ.
പാതിരാ സൂര്യന്റെ നാട് അങ്ങനെയല്ലേ പറയാറ്.
–ഷെങ്കൻ വിസ ഉണ്ടെങ്കിൽ നോർവേ സന്ദർശിക്കാം.
–നോർവേ ടൂറിസം വെബ്സൈറ്റ് ഏറ്റവും നല്ല ടൂറിസ്റ്റ് വെബ്സൈറ്റുകളിൽ ഒന്നാണ്.
https://www.visitnorway.com/
–വളരെ കുറച്ചു ജനങ്ങൾ ഉള്ള ഒരു നാടാണ് നോർവേ.
–അത് കൊണ്ട് തന്നെ ഉൾനാടുകളിൽ യാത്ര ചെയ്യുമ്പോൾ കുറച്ചു നല്ലവണ്ണം തയ്യാറെടുപ്പു വേണം.
–താരതമ്യേന നോർവേയിൽ ചിലവ് കൂടുതലാണ്. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ നോർവേയിൽ മാത്രമായി പോകുന്നത് ഒരു പക്ഷെ ലാഭകമാവില്ല.
–റോഡ്, റയിൽ എയർ സൗകര്യങ്ങൾ വേണ്ടുവോളം ഉണ്ടെങ്കിലും കാലാവസ്ഥ ഒരു വലിയ ഫാക്ടർ ആണ്.
–യൂറോപ്പിൽ നിന്നുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നോർവേയിൽ ഉപയോഗിക്കാം, എന്നാലും കറൻസി ആയി കുറച്ചു കൈയിൽ കരുതണം.
–ഹോട്ടൽ താമസം പൊതുവെ അത്ര ചീപ്പ് അല്ല. ശരാശരി ഒരു 800 NOK+ ആവും റേറ്റ്. വേനൽകാലമാകുന്നതോടെ കൂടും. ഹോസ്റ്റലുകൾ ഉണ്ട്, ഹോട്ടലുകളെക്കാൾ കുറവാണെങ്കിലും അത്ര ചീപ്പ് അല്ല.
–Public camping ഒട്ടു മിക്ക സ്ഥലത്തും സാധാരണയാണ്. സ്വന്തം ടെന്റ് വേണമെന്ന് മാത്രം. വേനൽക്കാലത്തെ Backpacking ആണെങ്കിൽ ക്യാമ്പിംഗ് നല്ല ഓപ്ഷൻ ആണ്.
–താമസം പോലെ തന്നെ ഫുഡ്. ചീപ്പ് അല്ല.
–പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുകയാണെങ്കിൽ പല തരാം കംബൈൻഡ് ടിക്കറ്റുകളും പാസ്സുകളും ഉണ്ട്. ചെലവ് കുറക്കാൻ സഹായിക്കും.
https://goo.gl/ZseuM8
–ഫെറി സർവീസ് നോർവേയിൽ സർവ സാധാരണയാണ്. റോഡ് വഴി യാത്ര ചെയ്യുകയാണെങ്കിൽ ഇത് കണക്കിൽ എടുക്കണം.
മിക്കയിടത്തും രാത്രി ഒരു പരിധി കഴിഞ്ഞാൽ സർവീസ് ഉണ്ടാവില്ല.
–നോർവേയിൽ റോഡുകളിൽ ടോൾ സാധാരണയാണ്. പക്ഷെ ടോൾ കളക്ഷൻ എല്ലാം ഓട്ടോമാറ്റിക് ആണ്. കാറിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ചിപ്പ് ഉപയോഗിച്ചാണ് ഇത് ഓപ്പറേറ്റു ചെയ്യുന്നത്. ടോൾ പ്ലാസകളിൽ ആകെയുള്ളത് ഒരു കാമറ ആണ്. കാർ നിർത്തേണ്ട ആവശ്യം പോലും ഇല്ല.
മറ്റു യൂറോപ്യൻ നാടുകളിൽ നിന്നുള്ള കാറുകൾക്ക് ചിപ്പ് ഇല്ലെങ്കിലും പ്രശനം ഇല്ല. കാമറ ഫോട്ടോ എടുക്കും, ടോൾ കമ്പനി അവസാനം വീട്ടിലേക്കു ടോട്ടൽ പൈസയുടെ ബില്ല് അയച്ചു തരും, ഓൺലൈൻ അടച്ചാൽ മതി.
ഇനി ഓരോ ദിവസത്തെയും കാര്യങ്ങൾ ചുരുക്കി എഴുതാനാണ് ശ്രമം.
നെതർലൻഡ്‌സ് നിന്ന് ജർമ്മനി വഴി ഡെൻമാർക്ക് എത്തി – അവിടുന്ന് ഫെറിയിൽ ഞങ്ങളും കാറും കടൽ കടന്നു നോർവേയിൽ എത്തി.
കറങ്ങി, തിരിച്ചു ഇതേ വഴി. ഇതായിരുന്നു യാത്ര.
ശനി ഒന്നാം ദിവസം:
രാവിലെ 7 മണിക്ക് പുറപ്പെട്ടു. അവധിയായതിനാൽ തിരക്കില്ല. ഹൈവേ യാത്ര.
A1 motorway in Netherlands–>Autobahn 30 and 1 in Germany–>E45 and 39 in Denmark
ഏകദേശം 950 കിലോമീറ്റര് കഴിഞ്ഞു Hirtshals എത്തി. അടുത്ത ദിവസം രാവിലെ ആണ് ഫെറി.
പിസ്സ ആണ് രാത്രി ഭക്ഷണം.
വീട്ടിൽ നിന്ന് കൊണ്ടുവന്ന തൈരുസാദം ഉച്ചക്ക് തന്നെ തീർന്നത് കാരണം വേറെ വഴിയില്ലായിരുന്നു.
ഞായർ രണ്ടാം ദിവസം:
പോർട്ടിന്റെ വളരെ അടുത്താണ് ഹോട്ടൽ. 11:45 AM മണിക്കാണ് ഫെറി. നേരത്തെ ബുക്ക് ചെയ്യണം.
ഫെറി എന്ന് പറഞ്ഞാൽ ഒന്നൊന്നര ഫെറി ആണ്. പത്തിരുന്നൂറ്റമ്പതു കാറുകളും, കുറച്ചു ബസുകളും ട്രക്കുകളും യാത്രക്കാർക്കും ഒരേ സമയം യാത്ര ചെയ്യാം. അകത്തു ഭക്ഷണം, ഷോപ്പിംഗ് സൗകര്യങ്ങൾ എല്ലാം ഉണ്ട്.
ഏകദേശം 2 മണി ആയപ്പോൾ Kristiansand പോർട്ടിൽ ഫെറി എത്തി. ഈ ഫെറി യൂറോപ്യൻ ഹൈവേ റൂട്ട് E39 ആണ്.
ഇവിടത്തെ വേനൽ കാലത്തു ഇതൊരു തിരക്കേറിയ റൂട്ട് ആണ്. നേരത്തെ ബുക്ക് ചെയ്‌താൽ പൈസ ലാഭിക്കാം.
Fjord line and Color Line എന്നീ രണ്ടു കമ്പനികളാണ് ഫെറി ഓപ്പറേറ്റ് ചെയ്യുന്നത്.
https://www.colorline.com/denmark-norway.
Kristiansand ഇറങ്ങിയ ഉടനെ Sandnes ലക്ഷ്യമാക്കി നീങ്ങി.
ഇനി ഏകദേശം 222 KM യാത്ര.
വശ്യമായ കാഴ്ചകൾ കാരണം പലതവണ കാർ നിർത്തി.
മുന്നോട്ടു പോകുന്തോറും കൂടുതൽ കൂടുതൽ അമ്പരപ്പിക്കുന്ന ലോകങ്ങൾ.
റോഡ് യാത്ര ഇഷ്ടപ്പെടാനുള്ള ഒരു കാരണം ഇതാണ്. തോന്നുമ്പോൾ നിർത്താനുള്ള സ്വാതന്ത്ര്യം.
Sandnes ടൗണിനു പുറത്തു ഒരു ഹോട്ടലിൽ ആണ് റൂം. തികച്ചും ഗ്രാമീണ അന്തരീക്ഷം.
തിങ്കൾ മൂന്നാം ദിവസം
Pulpit Rock (Preikestolen) എന്നറിയപ്പെടുന്ന ഒരു മല മുകളേക്കുള്ള യാത്രയാണ് ഇന്ന്. Lysefjord കായലിനു മുകളിൽ ചെങ്കുത്തായി ഏകദേശം 2000 അടി ഉയരത്തിലുള്ള ഒരു പാറ ആണ് സംഭവം. അവിടേക്കുള്ള 4 km ഹൈക്കിങ് കുറച്ചു കടുപ്പം ആണ്.
Preikestolvegen 521, 4100 Jørpeland, Norway ഇവിടെ ആണ് വരുന്നവർക്ക് കാർ പാർക് ചെയ്യാനുള്ള സ്ഥലം. ഒരു ചെറിയ കഫേ, ടോയ്‌ലെറ്സ് എല്ലാം ഇവിടെ ഉണ്ട്. പബ്ലിക് ട്രാൻസ്‌പോർട് ഇവിടേയ്ക്ക് സർവീസ് ഉണ്ട്.
https://en.wikipedia.org/wiki/Preikestolen
ഇനി മുകളിൽ നിന്നുള്ള കാഴ്ച – എങ്ങനെ എഴുതി ഫലിപ്പിക്കാം എന്നറിയില്ല, ഫോട്ടോ കഥ പറയും.
കുത്തനെയുള്ള പാറ, അനന്തമായ ആകാശം, താഴേക്ക് നോക്കിയാൽ കണ്ണെത്താത്ത താഴ്‌വാരം, ആ പാറയിൽ കാലുകൾ താഴേക്കിട്ടു ആളുകൾ കൂളായി ഇരിപ്പുണ്ട്. വയറിൽ ഒരു കാളൽ തോന്നി. കുറച്ചു കഴിഞ്ഞു സ്ഥലവുമായി ഒന്ന് പൊരുത്തപെട്ടപ്പോൾ കുറച്ചു ധൈര്യം തോന്നി.
ഏകദേശം ഒരു മണിക്കൂർ മുകളിൽ ചിലവഴിച്ചു, തിരിച്ചു നടന്നു തുടങ്ങി. മല ഇറങ്ങാനാണ് കൂടുതൽ ബുദ്ധിമുട്ട് എന്ന് പറയേണ്ടതില്ലലോ.
നേരത്തെ സൂചിപ്പിച്ചതു പോലെ ക്യാമ്പിംഗ് സാധാരണയാണ്. മലമുകളിൽ ആൾക്കാർ റെന്റ് അടിച്ചു ക്യാംപ് ചെയ്യുന്നുണ്ട്.
താഴെ എത്തി. ഇനി ലക്‌ഷ്യം ഫ്ലാം എന്ന സ്ഥലം ആണ്. 6 മണിക്കൂർ – ഏകദേശം 300 കിലോമീറ്റർ. ഫ്ലാമിനടുത്തു വോസ് എന്ന സ്ഥലത്തു റൂം ബുക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 11 മണിക്ക് സ്ഥലത്തെത്തി. ഇടയ്ക്കു കാറിന്റെ ടയർ പഞ്ചറായതു കുറച്ചു വൈകിപ്പിച്ചു.
ചൊവ്വ നാലാം ദിവസം
ഫ്ലാമിൽ Nærøyfjord കായലിൽ ഒരു ബോട്ട് യാത്രയും, ഫ്ലാം മൗണ്ടൈൻ ട്രെയിൻ യാത്രയും ആണ് ഇന്ന്.
fjords അഥവാ ഈ കായലുകൾ – പറഞ്ഞോ എഴുതിയോ അതിന്റെ ഭംഗി വിവരിക്കാൻ പ്രയാസം ആണ്.
https://en.wikipedia.org/wiki/Fjord
“Geologically, a fjord or fiord is a long, narrow inlet with steep sides or cliffs, created by glacial erosion”
കൂറ്റൻ മലകൾ, അതിനു മഞ്ഞു തൊപ്പി, ആ മഞ്ഞു ഉരുകി ഉണ്ടാകുന്ന വെള്ളച്ചാട്ടങ്ങൾ, ആ മലകൾക്കിടയിലൂടെ കായലിൽ ബോട്ടു യാത്ര.
ഇതുപോലൊരു കാഴ്ച ഇത് വരെ കണ്ടിട്ടില്ല. സ്വിസ് പോലെ ടൂറിസ്റ്റു തള്ളിക്കയറ്റം ഇല്ലാത്തതിനാൽ മൊത്തത്തിൽ ഒരു ശാന്തത കൂടി ഉണ്ടെന്നത് പ്രത്യേകം പറയണം.
https://www.visitflam.com/…/fjord-cruise-naroyfjord-rundtur/ – ക്രൂയിസ്.
ഫ്ലാം ഒരു പ്രധാന ലൊക്കേഷൻ ആണ്.
ബാൾട്ടിക് ക്രൂയിസ് നടത്തുന്ന കൂറ്റൻ കപ്പലുകൾ മുതൽ, കയാക്കിങ് ടീമ്സ് വരെ ഫ്ലാമിൽ വരുന്നുണ്ട്.
പല ദിശകളിൽ നിന്നുള്ള ഹിക്കിങ് ഫ്ലാമിൽ വന്നു ചേര്ന്നുമുണ്ട്.
ഫ്ലാമിൽ നിന്നും മിർഡാൽ എന്ന സ്ഥലം വരെ മൗണ്ടൈൻ ട്രെയിൻ ഉണ്ട്.
https://www.visitflam.com/en/flamsbana/ – ട്രെയിൻ.
അതായിരുന്നു അടുത്ത കാഴ്ച. മലയിടക്കുകൾക്കിടയിലോടെ കയറ്റം കയറി പോകുന്ന ട്രെയിൻ യാത്ര – സംഭവം ഒന്നൊന്നര തന്നെ.
ഈ രണ്ടു കാര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണം.
നോർവേയിലെ പ്രധാന നഗരങ്ങളാണ് ഒസ്ലോയും ബെർഗനും. ഇവയെ ബന്ധിപ്പിക്കുന്ന ട്രെയിൻ യാത്ര ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നന്നാണ്.
https://www.tripadvisor.com/Attraction_Review-g190479-d3524…
ഈ ട്രെയിൻ മിർഡാൽ വഴി ആണ് പോകുന്നത്. ആ കണക്ഷൻ ഉള്ളതും ഫ്ലാമിനെ ഒരു പ്രധാന ലൊക്കേഷൻ ആകുന്നു.
ഈ യാത്രയിൽ ഏറ്റവും അധികം ഇന്ത്യക്കാരെ കണ്ടതും ഫ്ലാമിൽ ആണ്. മിക്കവരും മൂന്നാഴ്ചത്തെ യൂറോപ്യൻ ടൂറിനു വന്ന ആൾക്കാരാണ്. തിരുവനന്തപുരത്തു നിന്നുള്ള ഒരു ടീമും ഉണ്ടായിരുന്നു.
വൈകിട്ട് ഫ്ലാമിനോട് വിട പറഞ്ഞു. ഓസ്ലോ സിറ്റിക്ക് പുറത്തു, ഒരു ഗ്രാമം ആണ് ലക്‌ഷ്യം.
6 മണിക്കൂർ ഡ്രൈവ് ഉണ്ട്. കാഴ്ചകൾ പലതവണ ഞങ്ങളെ നിർത്തിച്ചു. രാത്രി പത്തു മാണി വരെ സൂര്യ പ്രകാശം ഉണ്ട്.
Stave church നോർവേയിൽ ഒരു പ്രധാന കാഴ്ചയാണ്. നൂറു കണക്കിന് കൊല്ലം പഴക്കം ഉള്ള, പൂർണമായും മരത്തിൽ പണി തീർത്ത ഇത്തരം പള്ളികൾ പണ്ട് യൂറോപ്പിൽ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ ഒരു പള്ളി കാണാൻ പറ്റി.
https://en.wikipedia.org/wiki/Stave_church
വിജനമായ റോഡുകളും, കായലുകളും, ചെറിയ ടൗണുകളും കയറ്റങ്ങളും ഇറക്കങ്ങളും കടന്നു, ഓസ്ലോ സിറ്റിയും കടന്നു ഏകദേശം രാത്രി ഒരു മണിക്ക് സ്ഥലത്തെത്തി.
ബുധൻ, വ്യാഴം വെള്ളി (ഏഴാം ദിവസം വരെ )
കാട്ടിനടുത്തു ഒരു കുഞ്ഞു കാബിൻ. പത്തു മുന്നൂറു വര്ഷം പഴയ ഒരു കാബിൻ അതെ പാടി കൊണ്ടുവന്നു ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്.
https://www.airbnb.com/rooms/2829062
കനത്ത പണിത്തിരക്കുകൾ പാടെ മറന്നും, മതി മറന്നു ഉറങ്ങിയും, അടുത്തുള്ള കായലുകൾ കണ്ടും ഇളം വെയിൽ ആസ്വദിച്ചും മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചും രണ്ടര ദിവസം പറന്നു പോയി.
വെള്ളിയാഴ്ച പുറപ്പെടാൻ നല്ല മടി തോന്നിയെങ്കിലും വേറെ വഴി ഇല്ലല്ലോ.
ഒരു മണിക്കൂർ ഡ്രൈവ് – ഓസ്ലോ എത്തി. രണ്ടു മണിക്കൂർ സിറ്റിയിൽ കറങ്ങി നടന്നു.
സിറ്റി വിസിറ്റ് ഞങ്ങളുടെ പ്ലാനിൽ തീരെ ഉണ്ടായിരുന്നില്ല, എന്നാലും പോകുന്ന വഴി ഒരു കണ്ടു, അത്ര തന്നെ.
കുറച്ചു ഷോപ്പിംഗ്, ചക്ക കണ്ടപ്പോൾ വാങ്ങി, കണ്ണുമടച്ചു വണ്ടി വിട്ടു, Kristiansand എത്തി ഇവിടെ ആണ് ഒരാഴ്ച മുമ്പേ ഫെറി ഇറങ്ങിയത്. നാളെ മടക്കം ഇവിടെ നിന്ന് തന്നെ.
ശനി എട്ടാം ദിവസം
ഫെറി 8 മണിക്ക്. 11 .15 നു ഡെൻമാർക്ക് സൈഡ് ആയ Hirtshals എത്തി.
വിരസമായ 950 കിലോമീറ്റര് ഓടി വീട്ടിലെത്തി. നല്ല ചൂട് കഞ്ഞി കുടിച്ചു കിടന്നുറങ്ങി.
ഒറ്റ വക്കിൽ പറഞ്ഞാൽ നോർവേ ഒരു അത്ഭുത ലോകം തന്നെ. ഇത് വരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ.
ഇനിയും പോകണം. നോർത്തേൺ ലൈറ്സ് എന്ന മഹാത്ഭുതം കാണാനുണ്ട്.
https://www.visitnorway.com/…/nature-attra…/northern-lights/
നോർവെയുടെ വടക്കേയറ്റത്തു വഴി പോയി നോക്കിയയുടെ നാടായ ഫിൻലാൻഡ് കടന്നു സ്വീഡൻ വഴി ഉള്ള റോഡ് ട്രിപ്പ് ബാക്കിയുണ്ട്. അവസരം കിട്ടണേ എന്ന് മാത്രം പ്രാർത്ഥന.